കാനഡയിലെ മോൺട്രിയലിൽ ഒരു പോലീസുകാരൻ്റെയും സാധാരണക്കാരൻ്റെയും മരണത്തിനിടയാക്കിയ വെടിവെയ്പ്പിലെ പ്രതിയെ തിരിച്ചറിഞ്ഞു. ആൽബർട്ട സ്വദേശിയായ 25-കാരൻ സെത്ത് സ്കോട്ട് ഹാറ്റ്ഫീൽഡ് ആണ് അക്രമി എന്ന് ക്യൂബെക്ക് കോറണർ വിഭാഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച മോൺട്രിയലിലെ ഒരു ഹോട്ടലിന് മുന്നിൽ വെച്ചുണ്ടായ കടുത്ത വെടിവെപ്പിൽ പ്രതിയും കൊല്ലപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ലെത്ബ്രിഡ്ജിലെ ഫിലോസഫി വിദ്യാർത്ഥിയായിരുന്നു ഇയാൾ.
മോൺട്രിയൽ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ലാമിൻ ബെൻറെദുവാനെ (34), പ്രദേശവാസിയായ മിഷേൽ മിസ്രാഹി (68) എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കൊടും ക്രൂരതയെന്നാണ് മോൺട്രിയൽ മേയർ സംഭവത്തെ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്, ഭാര്യ ഗർഭിണിയുമാണ്. ബിസിനസ്സുകാരനായ മിഷേൽ മിസ്രാഹി പ്രദേശത്തെ ജൂത സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു.
പ്രതി യൂണിവേഴ്സിറ്റി ഓഫ് ലെത്ബ്രിഡ്ജിൽ ഒരു ഫിലോസഫി വിദ്യാർഥിയാണെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു. പ്രതിയുടേതെന്ന് കരുതുന്ന 104 പേജുള്ള ഒരു പ്രകടനപത്രിക പോലീസിന് ലഭിച്ചിട്ടുണ്ട്. കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞതാണ് ഈ കുറിപ്പുകൾ. സ്ത്രീ സ്വാതന്ത്ര്യത്തെയും ആധുനിക സാമൂഹിക വ്യവസ്ഥിതികളെയും എതിർക്കുന്ന പ്രതി, ഒരു സായുധ വിപ്ലവത്തിലൂടെ സമൂഹം മാറ്റിയെടുക്കണമെന്നാണ് ഇതിൽ വാദിക്കുന്നത്.
ബാങ്ക് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവർക്കൊപ്പം പ്രമുഖ അശ്ലീലചിത്ര നിർമ്മാണ കമ്പനികളെയും ആക്രമിക്കേണ്ട ലക്ഷ്യങ്ങളുടെ പട്ടികയിൽ ഇയാൾ ഉൾപ്പെടുത്തിയിരുന്നു. വെടിവെപ്പ് നടന്ന കെട്ടിടത്തിൻ്റെ ആറാം നിലയിലാണ് ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റുകളുടെ മാതൃകമ്പനിയായ Aylo പ്രവർത്തിക്കുന്നത്. ഈ കമ്പനിയെ ലക്ഷ്യം വെച്ചാണോ അക്രമി എത്തിയത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് കാനഡയിലുടനീളം പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.